
ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുടെ വളർച്ച തൊഴിലാളികളുടെ അവകാശങ്ങൾക്കും തൊഴിൽ സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ ശക്തമായ നിയമസംരക്ഷണം ഉറപ്പാക്കണമെന്ന് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.ബെംഗളൂരുവിൽ നടന്ന എഐടിയുസിയുടെ 43-ാമത് ദേശീയ സമ്മേളനത്തിലാണ് എഐ അധിഷ്ഠിത തൊഴിൽ ചൂഷണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. പ്രത്യേകിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സമ്മേളനം ഗൗരവമായി ചർച്ച ചെയ്തു.സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാരും ഓൺലൈൻ ടാക്സി ഡ്രൈവർമാരും ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ന്യായമായ വേതനവും ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.നിലവിൽ പല പ്ലാറ്റ്ഫോമുകളും തൊഴിലാളികളെ സ്വതന്ത്ര കരാർ ജീവനക്കാരായാണ് പരിഗണിക്കുന്നത്. എന്നാൽ ജോലിയുടെ സ്വഭാവം, പ്രതിഫലം, സമയക്രമം, തൊഴിലാളികളുടെ പ്രവർത്തന വിലയിരുത്തൽ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് കമ്പനികളുടെ ഡിജിറ്റൽ സംവിധാനങ്ങളാണ്. അൽഗോരിതം വഴിയുള്ള ഇത്തരം നിയന്ത്രണങ്ങൾ തൊഴിലാളികളെ വലിയ പ്രതിസന്ധിയിലാക്കുന്നതായി സമ്മേളനം വിലയിരുത്തി.ചില സന്ദർഭങ്ങളിൽ വ്യക്തമായ വിശദീകരണമോ മനുഷ്യരുടെ ഇടപെടലോ ഇല്ലാതെ തൊഴിലാളികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നു. ഇതോടെ അവരുടെ വരുമാനം പൂർണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടാകുന്നു. ഇത്തരം നടപടികൾക്കെതിരെ അപ്പീൽ നൽകാനും നീതി തേടാനും തൊഴിലാളികൾക്ക് സംവിധാനമുണ്ടാകണം.തൊഴിലാളികൾക്ക് മിനിമം വേതനം, അപകട ഇൻഷുറൻസ്, സാമൂഹിക സുരക്ഷ, തൊഴിൽ അവകാശങ്ങൾ എന്നിവ ഉറപ്പാക്കാൻ ദേശീയതലത്തിൽ സമഗ്രമായ നിയമനിർമാണം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ഗിഗ് തൊഴിലാളികളെ ട്രേഡ് യൂണിയനുകളുടെ ഭാഗമാക്കി സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവരാനും സമ്മേളനം തീരുമാനിച്ചു. ഡിജിറ്റൽ തൊഴിൽ മേഖലയിൽ വളർന്നുവരുന്ന പുതിയ ചൂഷണരീതികളെ ചെറുക്കാൻ രാജ്യവ്യാപകമായി തൊഴിലാളി സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു.എഐയും സാങ്കേതികവിദ്യയും തൊഴിൽ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ നേട്ടങ്ങൾ കോർപറേറ്റുകൾക്ക് മാത്രമായി പരിമിതപ്പെടരുത്. തൊഴിലാളികളുടെ അവകാശങ്ങളും മാനുഷികമായ തൊഴിൽ സാഹചര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കണം സാങ്കേതിക പുരോഗതിയെന്ന നിലപാടാണ് സമ്മേളനം മുന്നോട്ടുവച്ചത്.നൂതന സാങ്കേതികവിദ്യയുടെ കാലത്ത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ തൊഴിൽനയങ്ങൾക്കും ശക്തമായ ട്രേഡ് യൂണിയൻ ഇടപെടലുകൾക്കും സമ്മേളനം ആഹ്വാനം ചെയ്തു.
Photo Courtesy - Google










